ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിന് ഭീം (ബി.എച്ച്.ഐ.എം) ആപ്പ് എന്ന് പേരിട്ടു.
ഭരണഘടനയുടെ സ്ഥാപകന്‍ ഡോ. ബി.ആര് അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന ഡിജിധന്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആപ്പ് പുറത്തിറക്കിയത്. നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്നും മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്നില്ലെന്നും മോദി പറഞ്ഞു. ഭീം ആപ്പില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കി വരികയാണെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാവുന്നതോടെ തള്ളവിരല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ് ബാങ്കിങ്ങിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ദിനത്തിന് ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നീ സമ്മാനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അന്‍പത് രൂപയ്ക്കും 3000രൂപയ്ക്കും ഇടയിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ-ബാങ്കിങ്ങിലൂടെ ചെയ്യുന്നവര്‍ക്ക് ഈ സമ്മാന പദ്ധതിയില്‍ പങ്കെടുത്ത് സമ്മാനം നേടാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി.ആര് അബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.