തൃശൂര്‍: കാണാതായ തൃശൂര്‍ സ്വദേശിനി മണാലിയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തൃശൂര്‍ വലിയാലുക്കല്‍ അബ്ദുല്‍ നിസാര്‍ – ഷര്‍മിള ദമ്പതികളുടെ മകള്‍ ഷിഫ അബ്ദുല്‍ നിസാര്‍ ആണ് കൊല്ലപ്പെട്ടതായി മണാലി പോലീസില്‍ നിന്നും ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്.
മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞാണ് ഷിഫയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ട് നദിക്കരയില്‍ നിന്നും ലഭിച്ചത്. ഇത് മരണത്തിലെ ദുരൂഹത ഇരട്ടിപ്പിക്കുന്നു. ഇവന്റ് മാനേജ്മെന്റ് ജോലി ചെയ്തു വരികയായിരുന്നു ഷിഫ. ജോലിയുടെ ഭാഗമായി മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഷിഫ മണാലിയിലെത്തിയത്. ജനുവരി ഏഴിനാണ് ഷിഫ മണാലിയില്‍ നിന്നും അവസാനമായി ഫോണില്‍ ബന്ധുക്കളെ ബന്ധപ്പെട്ടത്. ജനുവരി 15ന് വീട്ടിലെത്തുമെന്നാണ് അന്ന് അറിയച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.
തുടര്‍ന്ന് ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കള്‍ വഴി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് ഷിഫ കൊല്ലപ്പെട്ടതായുള്ള വിവരം ബന്ധുക്കള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ മണാലിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 29നാണ് മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന് സമീപത്ത് നിന്നും ഷിഫയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും കണ്ടെത്തി. തുടര്‍ന്നാണ് മരിച്ചത് ഷിഫയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. അഴുകിയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു. ഇതേതുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്കും, ഡി എന്‍ എ പ്രൊഫൈലിങിനും വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ മരിച്ചത് ഷിഫയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.