പത്തനംതിട്ട:എരുമേലിയിൽ നിന്നുംകാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പോലീസ്.ജസ്നയുടെ ഈ സുഹൃത്തിന് പലതും അറിയാമെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ല. ജസ്നയെ കാണാതായതിനു തൊട്ടുമുന്‍പുപോലും ഇയാളുടെ ഫോണിലേക്ക് ജെസ്നയുടെ ഫോണിൽ നിന്നും എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്തെങ്കിലും ഇയാള്‍ ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം യുവാവ് സമ്മതിച്ചാല്‍ മാത്രമേ ഇത്തരം പരിശോധനകള്‍ നടത്താനാകൂ. വിസമ്മതം അറിയിച്ചാല്‍ അത് സംശയിക്കാനുള്ള മറ്റൊരു കാരണവുമാകും. അങ്ങനെ വന്നാല്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന അവസ്ഥയും വരും.ജസ്നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പൊലീസ് സൂചന നല്കി. മുക്കൂട്ടുതറയില്‍ നിന്ന് കുറച്ചു സമയം യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. യുവാവുമായി മുൻപും ജെസ്ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സംശയം ബലപ്പെടുത്തുന്നത്.അതിനിടെ ജെസ്നയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷോണ്‍ ജോര്‍ജ് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.