Kerala, News

വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.എ.ജി റിപ്പോര്‍ട്ട്

keralanews missing bullets and rifles c a g report on serious allegations against dgp

തിരുവനന്തപുരം:പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് പ്രധാന കണ്ടെത്തൽ.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി.ഇതിന് പുറമെ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പോലിസ് വാങ്ങിയ 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം ഓപറേഷന്‍ യൂനിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടെയും ഉപയോഗത്തിനായി വിന്യസിക്കപ്പെട്ട ആഡംബരകാറുകളായിരുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപോര്‍ട്ട് പറയുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു. റവന്യൂ വകുപ്പിനെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Previous ArticleNext Article