കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക്. ആത്മഹത്യയെന്ന നേരത്തേയുള്ള നിഗമനം മാറ്റി കൊലപാതക സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. മിഷേലിനെ ആരെങ്കിലും ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണോ എന്ന സംശയം നിലനിൽക്കുന്നുന്നുണ്ട്. മിഷേലിന്റെ അച്ഛന്‍ ഷാജിയാണ് തന്റെ മകളെ ആരെങ്കിലും ബോട്ടില്‍ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാവാമെന്ന സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് സംഭവ ദിവസം ഹൈക്കോടതി ജെട്ടികള്‍ക്കു സമീപത്തുള്ള കായലിലെ ബോട്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചത്.
ഷാജിയുടെ ആരോപണങ്ങള്‍ ശരിയാവാന്‍ സാധ്യതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കാരണം ഏതെങ്കിലും തരത്തിലുള്ള മല്‍പ്പിടുത്തം നടക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. കലൂര്‍ പള്ളിയിലെ സിസിടിവിലെ ദൃശ്യത്തിലുള്ളത് മിഷേല്‍ തന്നെയാണെന്ന് ഷാജി സമ്മതിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ജംക്ഷനില്‍ നിന്നു ലഭിച്ച സിസിടിവിയിലേത് മകളല്ലെന്ന് അദ്ദേഹം പറയുന്നു. മിഷേലിനെ ശല്യപ്പെടുത്തിയിരുന്ന തലശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുമ്പ് എറണാകുളം ടൗണ്‍ ഹാളില്‍ എത്തിയിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം ഗൗരവമായെടുത്തിട്ടുണ്ട്. ഇയാളും ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിലാണ്.