Kerala, News

സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം;എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്‌

keralanews misconduct against student for calling for help youth congress files complaint against m mukesh mla

തിരുവനന്തപുരം : സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ജെ.എസ് അഖില്‍. ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎല്‍എ അപമാനിച്ചു. ഇതോടെ ആ വിദ്യാര്‍ഥി എത്രമാത്രം മാനസിക സംഘര്‍ഷത്തിലായെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഈ ഗുരുതരമായ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ആത്മാര്‍ഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.പാലക്കാട് നിന്നും വിളിച്ച പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. ഒരു കാര്യ പറയാനുണ്ടെന്ന് പറഞ്ഞ കുട്ടിയോട് എന്താണ് ആവശ്യം എന്ന് പോലും ചോദിക്കാതെ പാലക്കാട് എംഎൽഎയെ വിളിക്കാനാണ് മുകേഷ് പറഞ്ഞത്. സാറിന്‍റെ നമ്പർ കൂട്ടുകാരന്‍ തന്നതാണെന്നു പറഞ്ഞപ്പോള്‍ ‘അവന്‍റെ ചെവിക്കുറ്റി നോക്കിയടിക്കണം’ എന്നാണ് എംഎൽഎ പറയുന്നത്. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോള്‍ ‘അവിടത്തെ എം.എല്‍.എയെ കണ്ടുപിടിക്ക്, മേലാല്‍ തന്നെ വിളിക്കരുതെന്ന്’ പറഞ്ഞാണ് മുകേഷ് ഫോണ്‍ കട്ട് ചെയ്തത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തി.തന്നെ ഫോണിൽ വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും പോലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പറഞ്ഞത്.

Previous ArticleNext Article