ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, രജിസ്ട്രേഷൻ വകുപ്പ് മന്തി പി മൂർത്തി എന്നിവരാണ് സംഘത്തിലുണ്ടാവുക. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, കാവേരി സെൽ ചെയർമാൻ, ഏഴ് എം.എൽ.എമാർ എന്നിവരും സംഘത്തിലുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടതിനെ കുറിച്ച് തമിഴ്‌നാട്ടിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. കൂടാതെ ഇത്തരം പ്രശ്‌നം നേരിട്ട് ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.തേക്കടിയിൽ നിന്ന് ബോട്ട് മർഗമാണ് മന്ത്രിമാർ മുല്ലപ്പെരിയാറിലേക്ക് പോവുക.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. നിലവിൽ 138.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ എട്ട് സ്പിൽവേ ഷട്ടറുകളിലൂടെയായി 3,800 ഘനയടി ജലമാണ് പുറത്തേയ്‌ക്ക് ഒഴുക്കി വിടുന്നത്.