കണ്ണൂർ: കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും.യുഡിഎഫിന്റെ ഉറച്ചകോട്ടയായ കണ്ണൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കെതിരെ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചത്.കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുകയാണെങ്കില്‍ ഇത്തവണ മണ്ഡലത്തിലെ പോരാട്ടത്തിന് ചൂട് കൂടും.ആദ്യഘട്ടത്തില്‍ യു.ഡി.എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍, മുല്ലപ്പള്ളി മത്സരിക്കാന്‍ എത്തിയേക്കുമെന്ന പ്രചാരണമുണ്ട്. മുല്ലപ്പള്ളി ജയിച്ച് നിയമസഭയിലെത്തിയാല്‍ നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റായ കെ. സുധാകരന്‍ എം.പിക്കായിരിക്കും അടുത്ത കെ.പി.സി.സി അധ്യക്ഷപദവിക്ക് സാധ്യത.കെ. സുധാകരന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് പാച്ചേനിക്ക് കണ്ണൂരില്‍ നറുക്കുവീണത്. 1996 മുതല്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാവായ കെ. സുധാകരനാണ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 2009ല്‍ ലോക്സഭാംഗമായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എം.വി. ജയരാജനും കോണ്‍ഗ്രസില്‍ എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തില്‍ അബ്ദുല്ലക്കുട്ടി നിയമസഭയിലെത്തി. 2011ല്‍ എല്‍.ഡി.എഫിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തോല്‍പിച്ച് അബ്ദുല്ലക്കുട്ടി വീണ്ടും എം.എല്‍.എയായി. 2016ല്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ തോല്‍പിച്ചാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി 54,347 വോട്ട് നേടിയപ്പോള്‍ സതീശന്‍ പാച്ചേനിക്ക് 53,151വോട്ടാണ് കിട്ടിയത്.