Kerala, News

ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മന്ത്രി എംഎം മണി തള്ളി

keralanews minister mani rejected the demand for stopping the construction of electricity tower in santhivanam

തിരുവനന്തപുരം: എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി തള്ളി.സമരസമിതി പ്രവത്തകർ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്നും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു.ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാനെത്തിയത്.ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.ചര്‍ച്ചക്ക് ശേഷം വികാരധീനയായാണ് മീനാ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്ന് മീന മേനോന്‍ പറഞ്ഞു. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങള്‍ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശാന്തിവനം സംരക്ഷണ സമിതി കണ്‍വീനര്‍ കുസുമം ജോസഫ് പറഞ്ഞു.

മന്നം മുതല്‍ ചെറായി വരെയുള്ള അൻപതിനായിരത്തോളം കുടുംബങ്ങള്‍ നേടിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാണ് പറവൂര്‍ ശാന്തിവനത്തിലൂടെ ടവര്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ നിര്‍മ്മിക്കാന്‍ കെഎസ്‌ഇബി പണി തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തില്‍ നിന്നും അന്‍പതോളം മരങ്ങള്‍ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്.ടവര്‍ നിര്‍മ്മാണത്തിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി.തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് നിര്‍മ്മാണം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം. ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിര്‍മ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കെഎസ്‌ഇബി ചെയര്‍മാന്റെ മകന്റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തില്‍ നിര്‍മ്മാണം നടത്തുന്നതെന്നാണ് ആരോപണം.

Previous ArticleNext Article