കണ്ണൂർ:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ചും ദേശീയ പാത ഉപരോധ സമരവും നടത്തി.അഴിക്കുള്ളിലാക്കിയ മന്ത്രിയെയും വഹിച്ച് പ്രതീകാത്മകമായി കലക്ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ന്ന് എസ്.പി ഓഫീസിനുമുന്നില്‍ വരെ പ്രകടനം നടത്തി തിരിച്ച് വന്ന് ഗാന്ധി സ്ക്വയറിന് സമീപം ദേശീയപാത ഉപരോധിച്ചു.സമരത്തിന് സമീപത്ത് നിലയുറപ്പിച്ച പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പ്രതിയായ മന്ത്രിയെ കൈമാറാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ മന്ത്രി കെ ടി ജലീലിന്റെ മുഖചിത്രവും മന്ത്രിയെ ജയിലറക്കുള്ളിലാക്കിയ ഒന്‍പതാം നമ്പർ സെല്ലും ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസ് കൂടിയായ ജില്ലാ കലക്‌ട്രേറ്റിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു.മാര്‍ച്ചിനും ഉപരോധ സമരത്തിനും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, പി ഇമ്രാന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് പ്രസിഡന്റ്‌മാരായ എം.കെ വരുണ്‍,നികേത് നാറാത്ത്,ഫര്‍സിന്‍ മജീദ്,അക്ഷയ് ചൊക്ലി ഷനോജ് ധര്‍മ്മടം, അനൂപ് ബാലന്‍, അക്ഷയ് കോവിലകം, വരുണ്‍ തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.