കണ്ണൂർ:വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതയാത്രാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്‌കൂള്‍ ബസ് അനുവദിക്കുന്ന പദ്ധതി ആരംഭിച്ചതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.കണ്ണൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരും എല്‍എസ്എസ്, യുഎസ്എസ് മത്സര പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരുമായ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ചേര്‍ന്ന വിദ്യാഭ്യാസ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിക്കുമെന്നതിന്‍റെ തെളിവാണ് പ്ലസ് ടൂ ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു.മുണ്ടേരി ഹൈസ്‌കൂള്‍, തോട്ടട ഹൈസ്‌കൂള്‍, തോട്ടട വിഎച്ച്എസ്ഇ, ചേലോറ ഹയര്‍ സെക്കൻഡറി, മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, കണ്ണൂര്‍ പോളിടെക്‌നിക് എന്നിവിടങ്ങളിലായി അനുവദിച്ച 12 കോടിയുടെ നിര്‍മാണ പദ്ധതികള്‍ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.ചടങ്ങിൽ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.