കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. മലബാര്‍ മേഖലയില്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല്‍ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയന്‍ മാനേജിംങ് ഡയറക്ടര്‍ അറിയിച്ചു. മലബാര്‍ മേഖലാ യൂണിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മലബാര്‍ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു.എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാല്‍ സംഭരണം നിര്‍ത്തുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും.