തിരുവനന്തപുരം:അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്ന് രാത്രിയോടു കൂടിയും മധ്യകിഴക്കന്‍ അറബിക്കടലില്‍ മെയ് 31 ഓടു കൂടിയുമാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുക. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. നിലവില്‍ കടലിലുള്ളവര്‍ ഇന്ന് രാത്രിയോടെ സുരക്ഷിത തീരത്തെത്തണം. ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട് .ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന്യൂനമര്‍ദ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കി മല്‍സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചു. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ന്യൂനമര്‍ദം സ്വാധീനത്താല്‍ മഴ ലഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്ബുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ നിര്‍ദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.