വർഷങ്ങളായി പഠിച്ചു കൊണ്ടിരുന്നത് മനുഷ്യ ശരീരത്തിൽ ജീവൻ നില നിർത്തുന്ന 78 അവയവങ്ങൾ ഉണ്ടെന്നാണ്. എന്നാൽ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയിരിക്കുകയാണ് ലിമെറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസർ ജെ.കാൽവിൻ കോഫിയുടെ നേതൃത്വത്തിലുള്ള സംഘം.
കുടലിനെയും മറ്റും ഉദരഭിത്തിയോടും (പെരിട്ടോണിയം) ചേർത്ത് നിർത്തുന്ന സ്തരങ്ങളുടെ മടക്കായ മെസെന്ററി അവയവമാണെന്നാണ് ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ മനുഷ്യ ശരീരത്തിൽ 79 അവയവങ്ങളായി.
പെരിറ്റോണിയത്തിലെ ഇരട്ട മടക്കിലുള്ള ഇത് പല കഷ്ണങ്ങളെല്ലെന്നും ഇതൊരു അവയവമാണെന്നും ഗവേഷകർ കണ്ടെത്തി. ലിയനാർഡോ ഡാവിഞ്ചിയുടെ കാലം മുതൽ ശരീര പഠനങ്ങളിൽ ഇതേ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യമായ എന്തെങ്കിലും ചെയ്യുന്നതായി ഇതിനെ കണ്ടിരുന്നില്ല.
മെസെന്ററി ഒരു അവയവമാണെന്നു കണ്ടെത്തിയതോടെ പല ഉദര രോഗങ്ങൾക്കുമുള്ള ചികിത്സ എളുപ്പമാകും. ഇനി ഈ അവയവത്തിന്റെ ഉപയോഗം എന്താണെന്ന് മാത്രമാണ് കണ്ടെത്തേണ്ടിയിരിക്കുന്നത് മെസെന്ററിയെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുന്നതോടെ ഉദര രോഗങ്ങൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതും കുറഞ്ഞേക്കാം.