India, News

പൊതുമേഖലാ ബാങ്കുകളുടെ ലയനം;ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു

keralanews merging of public sector banks bank employees nation wide strike today

ന്യൂഡല്‍ഹി:പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് പണിമുടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍ വ്യക്തമാക്കി.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പ്രധാനപ്പെട്ട 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കുമെന്ന് ഇക്കഴഞ്ഞ് ആഗസ്ത് 30നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.എന്നാല്‍ ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ത്ത വിവിധ യൂണിയനുകൾ കരിദിനം ആചരിക്കുകയും സപ്തംബര്‍ 26, 27 തിയ്യതികളില്‍ പണിമുടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

Previous ArticleNext Article