കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസിന് ലഭിച്ച കാർഡിലാണോ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന വിവരം ലഭിക്കാൻ ഫോറന്‍സിക് പരിശോധന നടത്തും. പൾസർ സുനി മെമ്മറി കാർഡ് കൈമാറിയ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴ്ച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിരവധി പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിലൊന്ന് അന്വേഷണസംഘത്തിനും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡിലാണോ ആദ്യം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരിശോധനകള്‍ക്കുശേഷമെ വ്യക്തമാകൂ.അതേസമയം ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു. കേസന്വേഷണത്തിന്‍റെ ഭാഗമായി എംഎൽഎമാരായ പി ടി തോമസ്, അൻവർ സാദത്ത് എന്നിവരുടെ മൊഴിയെടുക്കാനും അന്വഷണസംഘം തീരുമാനിച്ചു. തിരുവനന്തപുരത്ത് വച്ചാണ് മൊഴിയെടുക്കുക.