തിരുവനന്തപുരം:സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാവിലെ 11ന് മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിന് ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പുമാണ്. ജില്ലാ കലക്ടറാണ് കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വരണാധികാരി. മുന്‍സിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. രണ്ടു സ്ഥാനാര്‍ഥികളാണെങ്കില്‍ കൂടുതല്‍ സാധുവായ വോട്ട് കിട്ടുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗണ്‍സില്‍ ഹാളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്ക് എന്നിവ നിര്‍ബന്ധമാണ്.