
കണ്ണൂർ:മട്ടന്നൂർ നഗരസഭയിലേക്ക് ഓഗസ്റ്റ് എട്ടിനു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അഴിമതികൾ, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി നടപടികൾ കൈക്കൊള്ളുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്മാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ സൃഷ്‌ടിക്കൽ, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നത് ദൈവികമായി അപ്രീതിക്ക് ഇടയാക്കുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തൽ, മറ്റേതെങ്കിലും തരത്തിൽ വോട്ടർമാരെ സ്വാധീനിക്കൽ, കള്ളവോട്ട് എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണു നിർദേശം.തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചു വോട്ടറെ സ്വാധീനിക്കാൻ ശ്രമിക്കുക, വോട്ടർക്കു ശല്യമാകുന്ന തരത്തിൽ ക്രമരഹിതമായി പെരുമാറുക,പോളിങ് സ്റ്റേഷന്റെ 100മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക, നോട്ടിസോ തിരഞ്ഞടുപ്പ് ചിഹ്നങ്ങളോ പ്രദർശിപ്പിക്കുക തുടങ്ങിയ നടപടികൾ ശ്രദ്ധയിൽപെട്ടാലും ബന്ധപ്പെട്ട വരണാധികാരി വിവരം പൊലീസ് അധികാരികളെ അറിയിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാമെന്നും ഉത്തരവിലുണ്ട്.