കണ്ണൂര്‍:പത്ത് വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. വിശ്വസികളുടെയും ക്ഷേത്രം ജീവനക്കാരുടെയും ഏറെ നാളായുള്ള ആഗ്രഹമാണ് സഫലമായത്. ജനകീയ കമ്മറ്റി എന്ന പേരില്‍ ചില സ്വകാര്യ വ്യക്തികളുടെ കൈകളിലായിരുന്നു ഇതുവരെ ക്ഷേത്ര ഭരണം. 2007 ല്‍ ക്ഷേത്ര നടത്തിപ്പിനെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ് കടന്നത്. ഇതിനെതിരെ ക്ഷേത്ര സമിതി നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. ജീവനക്കാരുടെയും വിശ്വസികളുടെയും അഭിലാഷം അനുസരിച്ച് സുതാര്യമായ രീതിയില്‍ ക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി ചുമതലയേറ്റ എക്‌സിക്റ്റീവ് ഓഫീസര്‍ പി ശ്രീകുമാര്‍ പറഞ്ഞു. ജീവനക്കാരും വിശ്വാസികളും ആഗ്രഹിച്ച കാര്യമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടിയെന്ന് മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പറഞ്ഞു.
അതേസമയം ക്ഷേത്രം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി എത്തിയവരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ ക്ഷേത്രത്തിന് മുന്നില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പോലീസിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ഇവരെ തടഞ്ഞ പ്രതിഷേധക്കാരുമായി തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരാള്‍ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ദേഹത്ത് ഒഴിക്കാനും ശ്രമിച്ചു.താനും പേരെ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണെന്നും മൂന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ക്ഷേത്രം കൈയേറിയതെന്നും ക്ഷേത്രസമിതി ഭാരവാഹികള്‍ ആരോപിച്ചു.