മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സമഗ്ര വികസനം ലക്ഷ്യമിട്ട് മട്ടന്നൂർ നഗരസഭയുടെ നാലാമത് ഭരണസമിതിയുടെ അവസാന ബജറ്റ് അവതരിപ്പിച്ചു. 51,82,72,539 വരവും 48,81,02,000ചിലവും 3,01,70,539 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭാ വൈസ് ചെയർമാൻ കെ ശോഭന അവതരിപ്പിച്ചത്. നഗരത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കേന്ദ്ര റോഡ് ഫണ്ട് ബോഡിന്റെ ധനസഹായത്തോടെ നഗര റോഡുകൾ വീതി കൂട്ടുകയും അണ്ടർ ഗ്രൗണ്ട് ഇലക്ട്രിക്ക് കേബിൾ സിസ്റ്റം, റോഡിന്റെ ഇരു വശവും പുൽ തകിടികളും പൂന്തോട്ടങ്ങളും , ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ, ബസ് ബേകൾ എന്നിങ്ങനെ സമഗ്ര ഗതാഗത പരിഷ്ക്കരണം നടത്താനാണ് ബജറ്റിൽ തീരുമാനിച്ചിരിക്കുന്നത്.
പശ്ചാത്തല മേഖലയ്ക്ക് 5 കോടി, ഉത്പാദന മേഖലയ്ക്ക് 50 ലക്ഷം,പാർപ്പിട പദ്ദതിക്ക് ഒരു കോടി എന്നിങ്ങനെ നീക്കിവെച്ചു. വൃദ്ധർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കെല്ലാമായി 40 ലക്ഷം രൂപയാണ് ചിലവഴിയ്ക്കാനുദ്ദേശിക്കുന്നത്. എസ് എസ് എ ഫണ്ടിന്റെ നഗര സഭ വിഹിതമായി 15 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും ആശ്രയ കുടുംബങ്ങളുടെ ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിന് 20 ലക്ഷം രൂപയും ഭരണ നവീകരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും മാറ്റിവെച്ചതായി വൈസ് ചെയർമാൻ കെ ശോഭന ബജറ്റവതരണത്തിൽ പറഞ്ഞു. നഗരസഭാ ചെയർമാൻ കെ ഭാസ്കരൻ ആമുഖ പ്രസംഗം നടത്തി.