Kerala, News

തൊഴില്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്നും കൂട്ടുപ്രതി രതീഷ്

keralanews mastermind of job fraud case is saritha and money transfered to sarithas account said co accused

കോഴിക്കോട്‌: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ആരോപണവുമായി കൂട്ടുപ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ മുഖ്യ ആസൂത്രക സരിതയാണെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു.പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നല്‍കിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതിക്കാര്‍ നല്‍കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചു.

Previous ArticleNext Article