മൈസൂരു:കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ.600 ഏക്കറോളം വനം കത്തിനശിച്ചു. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച്ച ഉച്ചയോടെയാണ് ഗോപാല്‍സ്വാമി പേട്ട ഭാഗത്ത് നിന്നും തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തീ പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളി മേഖലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.ബന്ദിപ്പൂര്‍ വനമേഖലയുടെ ഭാഗമായി ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സംരക്ഷണ കേന്ദ്രത്തിന് അകത്തേക്ക് തീ പടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇവിടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന്‍റെ തുടര്‍ച്ചയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിര്‍ത്തിയിലെ വനമേഖലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.കാട്ടു തീ നേരിടാനുള്ള കര്‍ണാടക വനംവകുപ്പ് സംവിധാനത്തോടൊപ്പം മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.