തിരുവനന്തപുരം:കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷാ ഫലം സര്‍വ്വകലാശാല തടഞ്ഞുവെച്ചു.ജൂലൈ – ആഗസ്റ്റ് മാസങ്ങളിലായി നടന്ന പാര്‍ട്ട് വണ്‍ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.തുടര്‍ന്ന് ഫലം തടഞ്ഞുവെക്കുകയായികരുന്നു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകൾ,തിരുവനന്തപുരം എസ് യുടി കോളേജ്, കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എംഇഎസ് എന്നീ കോളേജുകളുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.സംശയം തോന്നിയ കോളേജുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തുവരുന്നത്.കുറ്റക്കാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ട്. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.പരീക്ഷാ ക്രമക്കേട് പരിശോധിക്കുന്ന സര്‍വ്വകലാശാല സമിതിയാണ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരെയും സൂപ്രണ്ടുമാരെയും വിളിച്ചുവരുത്തി സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചത്. എസ് യുടി, എംഇഎസ് എന്നീ കോളേജുകള്‍ കൈമാറിയ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.സര്‍വ്വകലാശാല ചട്ടം അനുസരിച്ച് മൂല്യനിര്‍ണയത്തിന് അയക്കുന്ന ഉത്തരക്കടലാസുകള്‍ക്കൊപ്പം പരീക്ഷാ ഹാളിനുള്ളിലെ ദൃശ്യങ്ങളും അയയ്ക്കേണ്ടതുണ്ട്. എന്നാല്‍ കോളേജുകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.