Kerala, News

മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും; സ്‌ഫോടന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ;ഇന്ന് മോക്ഡ്രിൽ നടത്തും

keralanews marad flats to be demolished tomorrow prohibitory order will be issued mockdrill will perform today

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. ഹോളിഫെയ്ത്തും എച്ച്‌ടുഒവും, ആല്‍ഫയുടെ ഇരട്ട ടവറുകളുമാണ് നാളെ പൊളിക്കുന്നത്.നാളെ രാവിലെ 10.30 ന് എച്ച്‌ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റല്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും.മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്‌ളാറ്റുകളും നിലംപൊത്തും.സ്‌ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഫ്‌ളാറ്റുകളുടെ പരിസരത്ത് പോലീസും അഗ്‌നിശമനസേനയും മോക്ക് ഡ്രില്‍ നടത്തും.മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിക്കില്ല. നാളെ രാവിലെ ഒൻപത് മണിക്കു മുൻപ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഹോളിഫെയ്ത്തും ആല്‍ഫ സെറീനും പൊളിക്കുന്ന പതിനൊന്നിന് 200 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരും വാണിജ്യ സ്ഥാപനങ്ങളിലുള്ളവരും രാവിലെ ഒന്‍പത് മണിക്ക് മുൻപേ സ്വയം ഒഴിഞ്ഞു പോകണം. രണ്ടാം ദിവസം ജെയിന്‍ കോറല്‍ കോവിന് ചുറ്റുമുള്ളവര്‍ രാവിലെ ഒന്‍പത് മണിക്ക് മുൻപും ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തുള്ളവര്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുൻപും ഒഴിഞ്ഞു പോകണം. ഒഴിഞ്ഞ് പോകുന്നതിനു മുൻപ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടക്കണം.എയര്‍ കണ്ടീഷണറുകള്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. എല്ലാ വൈദ്യുത ഉപകരണങ്ങളുടെയും ബന്ധം വിച്ഛേദിക്കുകയും മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും വേണം. ഉപകരണങ്ങളിലേക്ക് വൈദ്യുതി പോകുന്ന ബോര്‍ഡിലെ പവര്‍ പോയിന്റ് ഓഫാക്കണം. വളര്‍ത്ത് മൃഗങ്ങളെ കെട്ടിടങ്ങള്‍ക്കുള്ളിലാക്കുകയോ കൂടുകള്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം.കിടപ്പുരോഗികളെയും വയോജനങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. തേവര എസ് എച്ച്‌ കോളേജ്, പനങ്ങാട് ഫഷറീസ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Previous ArticleNext Article