കൊച്ചി:മരടിൽ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും.തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെറീന് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് മണ്ണിലേക്കു മടങ്ങുക.അതീവ സുരക്ഷയിലാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവ നിലംപതിപ്പിക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുമുണ്ട്.പൊളിക്കും മുൻപ് നാലു തവണ സൈറണ്‍ മുഴങ്ങും.പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങുക.രാവിലെ 11ന് ഹോളിഫെയ്ത്തിലും 11.05ന് ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലും സ്ഫോടനം നടക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന് എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തും.കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്സ്പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്ഷന് സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി നിറച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്കു മുൻപ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഫോടക വിദഗ്ധന്‍ എസ്.ബി സാര്‍വത്തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഫോടനത്തിനു മുന്നോടിയായി ഇന്നലെ മോക്ഡ്രില്‍ നടത്തിയിരുന്നു.ഐ.സി.യു സൗകര്യം ഉള്‍പ്പെടെയുള്ള ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ തുടങ്ങി എല്ലാ സുരക്ഷാക്രമീകരണങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട സ്ഫോടനം നാളെ നടക്കും. ജെയിന് കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളായിരിക്കും നാളെ നിലംപതിപ്പിക്കുക.