കൊച്ചി:മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്.രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും.രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്.122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്.ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച എച്ച്‌ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു.അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.അതേസമയം ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല.അതിനാല്‍ തന്നെ കഴിഞ്ഞദിവസത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല.എങ്കിലും കനത്ത ജാഗ്രത തന്നെ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ പരിസരങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കൂ.10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവിൽ സ്ഫോടനം നടക്കും.രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഒരു അങ്കണവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.