Kerala, News

മരട് ഫ്ലാറ്റ് പൊളിക്കൽ; താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;ഫ്‌ളാറ്റുടമകള്‍ സമരം അവസാനിപ്പിച്ചു

keralanews marad flat demolition chief minister says he will do everything possible to protect the residents flat owners call off the strike

കൊച്ചി:മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി. ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്ബോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച്‌ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.അതേസമയം സുപ്രീം കോടതി വിധിയിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂർണമായ നടപടി ഉണ്ടായ സാഹചര്യത്തിൽ പ്രതിഷേധ സമരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലാറ്റ് ഉടമകൾ അറിയിച്ചു.നഗരസഭയുടെയോ ജില്ലാകളക്റ്ററുടെയോ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള നടപടിയുണ്ടായാൽ പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്നും മരട് ഭവന സംരക്ഷണ സമിതി കൺവീനർ പറഞ്ഞു.

സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോൾ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജനതാദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Previous ArticleNext Article