മരട്: മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.സമീപത്തെ വീടുകളുടെയും, താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താതെയും, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ വ്യക്തതയില്ലാതെയും പൊളിക്കല്‍ നടപടികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.പുതുവര്‍ഷാരംഭത്തില്‍ ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് മുന്നില്‍ ആരംഭിച്ച സമരം സബ്ജഡ്ജി എം.ആര്‍. ശശി ഉദ്ഘാടനം ചെയ്തു.മുന്‍ മന്ത്രി കെ. ബാബു, മരട് നഗരസഭ ചെയര്‍പേഴ്‌സന്‍ ടി.എച്ച്. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പിൽ,കൗണ്‍സിലര്‍മാരായ ദിഷ പ്രതാപന്‍, ദേവൂസ് ആന്‍റണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ്, സി.ബി. മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.നെട്ടൂര്‍ പാലത്തില്‍നിന്നു വിളംബര ജാഥയായെത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിനു പിന്തുണയുമായി നാട്ടുകാരുമുണ്ട്. വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ വ്യക്തമായ തീരുമാനം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നു കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു.സമരരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ജനവാസകേന്ദ്രത്തില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റണമെന്നതും ഇവരുടെ ആവശ്യമാണ്.അനിശ്ചിതകാല സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മന്ത്രി എ.സി. മൊയ്തീന്‍ ഇന്നു യോഗം വിളിച്ചു. എം. സ്വരാജ് എംഎല്‍എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം. മരട് നഗരസഭ ചെയര്‍പേഴ്സനും പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.