Kerala, News

മരട് ഫ്ലാറ്റ് വിവാദം;ഹോളിഫെയ്ത്ത് എം.ഡി ഉൾപ്പെടെയുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു

keralanews marad flat controversy three including holy faith md arrested

കൊച്ചി:മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുന്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ്,പഞ്ചായത്തിലെ മുന്‍ ജൂനിയർ സൂപ്രണ്ട് എന്നിവരും അറസ്റ്റിലായി.ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും , വഞ്ചനാ കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പ്രതിചേർത്തിരിക്കുന്നത്.ഇന്നലെ ഉച്ചയോടെയാണ് പ്രതികളായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് , ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാൻസിസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.വിശദമായ മൊഴി എടുത്ത ശേഷം വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മരട് ഫ്‌ളാറ്റ് നിര്‍മ്മാണക്കേസില്‍ ആദ്യ അറസ്റ്റുണ്ടായതിന് പിന്നാലെ ബാക്കിയുള്ള രണ്ട് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമം.ഹോളിഫെയ്ത്ത് നിര്‍മ്മാണക്കമ്ബനി എം.ഡി സാനി ഫ്രാന്‍സിസിനെ കൊച്ചിയിലെ ഓഫിസില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനുശേഷമാണ് അന്വേഷണസംഘം അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ബാക്കി രണ്ട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളും പ്രതികളാകുമെന്ന് ഉറപ്പായി. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

Previous ArticleNext Article