കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ നിരാഹാര സമരം തുടങ്ങി. ഇന്ന് ഇവരെ ഒഴിപ്പിക്കാനിരിക്കെയാണ് നിരാഹാരം ആരംഭിച്ചത്. സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുൻപ് വേണമെന്ന് ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു.ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില നിശ്ചയിച്ചാവണം നഷ്ടപരിഹാരം. അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാതെ ഫ്ളാറ്റുകള്‍ ഒഴിയില്ല എന്നും നിലപാടെടുത്താണ് സമരം ആരംഭിച്ചത്.ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്ലാറ്റുടമകളുമായി സംസാരിച്ച് പുനരധിവാസത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സൌകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒക്ടോബര്‍ 3ന് മുന്‍പ് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും നഗരസഭ മുന്‍കൈയ്യെടുത്ത് ചെയ്തുകൊടുക്കും. ഒഴിയാനുള്ള സൌകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും. ഒഴിപ്പിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിക്കുന്നതോടൊപ്പം താല്‍ക്കാലിക താമസ സൌകര്യം ഒരുക്കുന്ന ഫ്ലാറ്റുകളുടെ വാടക പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഒക്ടോബര്‍ 9ന് പൊളിക്കാനുള്ള കമ്പനിക്ക് ഫ്ലാറ്റുകള്‍ കൈമാറി 11ന് പൊളിക്കല്‍ ആരംഭിക്കും. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയായിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കുക.