കൊച്ചി:മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം സാവകാശം തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം.തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ കോടതി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി.കടുത്ത ഭാഷയില്‍ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും വിമര്‍ശിച്ചു.പൊളിക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസില്‍ വിശദമായ ഉത്തരവ് ഇന്നിറക്കുമെന്ന് വ്യക്തമാക്കി.അതേസമയം പാരിസ്ഥിതിക ആഘാതമില്ലാതെ പൊളിക്കാന്‍ മുന്നൊരുക്കം ആവശ്യമായതിനാല്‍ മൂന്ന് മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചിരുന്നത്. ഇത് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൊളിക്കാനുള്ള സമയപരിധി എത്രയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഇന്നത്തെ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും.