തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.മൂന്ന് മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതു കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതികള്‍ സുപ്രീംകോടതിയെ അറിയിക്കാനും ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പദ്ധതികള്‍ തയ്യാറാക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഫ്ലാറ്റ് നിര്‍മിച്ച കമ്പനികൾക്ക് വിലക്ക് ഏര്‍പ്പെടുത്താനാകുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാതെ മറ്റ് വഴികളില്ലെന്നും നിയമപരമായി ഇനി മറ്റു സാധ്യതകളില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കും. ഫ്ലാറ്റ് പൊളിക്കുന്നതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും, തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുനുള്ള നടപടികള്‍ ആരംഭിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കിലും സുപ്രീം കോടതി വിധി എതിരായ പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.