പാലക്കാട്:പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധന്‍രാജിന്റെ സ്മരണാര്‍ത്ഥം നൂറണിയിലെ ടര്‍ഫ് ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറി തകര്‍ന്ന വീണത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും പരിക്ക് സാരമുള്ളതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍പോഴ്സ് രംഗത്തെത്തി.ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു.ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.നാലായിരത്തോളം പേര്‍ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി.അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയായിരുന്നു മുന്‍ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധന്‍രാജ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. നാല്പത്തിയെട്ടാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മികച്ച കളിക്കാരനായിരുന്നിട്ടും കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ധന്‍രാജിന്റെത്. ഈ സാഹചര്യത്തിലായുരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ പാലക്കാട്ടെ ഫുട്ബോള്‍ പ്രേമികള്‍ തീരുമാനിച്ചത്. ഈ മല്‍സരമാണ് ഇപ്പോള്‍ തുടങ്ങും മുന്‍പ് അപകടത്തില്‍ കലാശിച്ചത്.ഐഎം വിജയന്‍, ബെച്ച്‌യൂങ് ബുട്ടിയ തുടങ്ങിയ താരങ്ങള്‍ മത്സരത്തിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു.