ന്യൂയോർക്:ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠന റിപ്പോർട്ട്.ന്യൂജേഴ്‌സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍ കമ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ലോക ജനസംഖ്യയില്‍ 150 ദശലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലം നഷ്ടമായേക്കും എന്നും പഠനം സൂചിപ്പിക്കുന്നു. മുന്‍പ് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ ദുരന്തങ്ങളാണ് സമുദ്രനിരപ്പ് ഉയരുന്നതിലൂടെ 2050ഓടെ സംഭവിക്കാന്‍ പോകുന്നത് എന്നാണ് പഠനം വെളിവാക്കുന്നത്. പഠനം പ്രകാരം ദക്ഷിണ വിയറ്റ്നാം പൂര്‍ണ്ണമായും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും. വിയറ്റ്നാമിന്‍റെ സാമ്പത്തിക കേന്ദ്രമായ ഹോ ചിമിന്‍ പട്ടണം കടലെടുക്കും. 20 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന വിയറ്റ്നാമിലെ കാല്‍ഭാഗം ജനങ്ങളെ ഈ ദുരന്തം ബാധിച്ചേക്കും എന്നാണ് പഠനം പറയുന്നത്. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈ 2050 ഓടെ കടല്‍ വിഴുങ്ങിയേക്കും എന്നും പഠനം സൂചന നൽകുന്നു.ആഗോള താപനത്തിന്‍റെ ദുരന്തം അനുഭവിക്കാന്‍ പോകുന്നത് മലേഷ്യ പോലുള്ള രാജ്യങ്ങളാണ് എന്നാണ് ബാങ്കോക്കിലെ യുഎന്‍ ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ലൊറേട്ട ഹൈബര്‍ പ്രതികരിച്ചത്.2050 ല്‍ മുങ്ങിപ്പോകുന്ന തായ്‌ലൻഡിലെ പ്രദേശങ്ങളില്‍ അവിടുത്തെ 10 ശതമാനം ആളുകള്‍ എങ്കിലും ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുവാന്‍ എല്ലാ സാധ്യതകളും പഠനം മുന്നോട്ടുവയ്ക്കുന്നു.