കണ്ണൂര്‍ : പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുന്‍പ് ഒരുമിച്ചു കൂടിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ചാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. പ്രതികള്‍ ഇവിടേക്ക് വരുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.കൊല നടക്കുന്നതിന് ഏതാണ്ട് 15 മിനിറ്റ് മുന്‍പാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചായിരിക്കാം എന്നാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്കുള്ളത്.അതേസമയം കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദൂരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.