ശബരിമല:മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു.ഇന്ന് പുലർച്ചെ മുതൽ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.ഈ തീർത്ഥാടന കാലത്തെ പൂജകൾക്ക് ഗണപതിഹോമത്തോട് കൂടിയാണ് തുടക്കമായത്.പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് ശേഷം രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നടയടച്ചു.പിന്നാലെ പഴയ മേല്‍ശാന്തിമാർ പടി ഇറങ്ങി.ഇന്ന് രാവിലെ മൂന്നു മണിക്ക് നിർമ്മാല്യ ദർശനത്തിനായി നട തുറന്നു. തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ രാവിലെ മൂന്നു മണിക്ക് നട തുറക്കും രാത്രി പതിനൊന്നു മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ആയിരത്തിലധികം പൊലിസുകാരാണ് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്.