Kerala

ഷോ​ക്കേ​റ്റു​ മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വൈ​ദ്യു​തി ഓ​ഫീ​സി​ലെ​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു

keralanews man died of electric shock

ചെമ്പേരി: വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരിക്കെ ഷോക്കേറ്റുമരിച്ച ഗൃഹനാഥന്‍റെ മൃതദേഹം സർവകക്ഷി നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചെന്പേരിയിലെ വൈദ്യുതി സെക്‌ഷൻ ഓഫീസിലെത്തിച്ച് പ്രതിഷേധിച്ചു.കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53)ആണ് ഷോക്കേറ്റു മരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ സ്വന്തം പുരയിടത്തിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കെ ജോണിയുടെ കൈവശമുണ്ടായിരുന്ന ഇരുമ്പ് പിടിയുള്ള തൂമ്പ പറമ്പിലെ കാടുകൾക്കിടയിൽ പൊട്ടിവീണുകിടന്നിരുന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ തട്ടിയാണ് ഷോക്കേറ്റത്.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ചെമ്പേരിയിൽ എത്തിച്ചപ്പോൾ വൈദ്യുതി ഓഫീസ് പരിസരത്ത് വൻജനാവലിയാണുണ്ടായിരുന്നത്. ഓഫീസിനു മുന്നിൽ മൃതദേഹം ഇറക്കിവച്ച് നടത്തിയ പ്രതിഷേധ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു. ജോണിയുടെ പുരയിടത്തിലൂടെ മുന്പ് അയൽവാസിയുടെ വീട്ടിലേക്ക് വൈദ്യുതി കൊണ്ടുപോയിരുന്ന പഴയ ലൈനാണ് പൊട്ടിവീണു കിടന്നിരുന്നത്. ഏറെ നാളുകളായി ആൾത്താമസമില്ലാതിരുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഒഴിവാക്കിയിരുന്നെങ്കിലും ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. ഉപയോഗത്തിലില്ലാത്ത ലൈൻ പുരയിടത്തിൽനിന്നു മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ആരോപിച്ചാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുള്ളത്.അതേസമയം സംഭവത്തെകുറിച്ച് സെക്‌ഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറായില്ല.വൈദ്യുതി വകുപ്പിന്‍റെ അശ്രദ്ധ മൂലം ഷോക്കേറ്റുമരിച്ച ചക്കാങ്കൽ ജോണിയുടെ കുടുംബങ്ങളിൽ ഒരാൾക്ക് ജോലി നൽകാൻ കെഎസ്ഇബി തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ആവശ്യപ്പെട്ടു.

Previous ArticleNext Article