പയ്യന്നൂർ:അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പയ്യന്നൂരിൽ യുവാവ് പിടിയിൽ. പയ്യന്നൂർ എക്സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് അഞ്ചുലക്ഷം രൂപ വിലവരുന്ന ഹാഷിഷും എൽഎസ്ഡി സ്റ്റാമ്പുകളുമായി വേങ്ങര സ്വദേശി നാലകത്ത് ശാദുലിയുടെ മകൻ മുക്രിക്കാടൻ മാവിൻ കീഴിൽ അഫ്സൽ(26) അറസ്റ്റിലായത്.വ്യാഴാഴ്ച്ച രാവിലെ ഒൻപതുമണിയോട് കൂടി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.108 ഗ്രാം ഹാഷിഷും 19 എൽഎസ്ഡി സ്റ്റാമ്പുകളും ഇയാളിൽ നിന്നും പിടിച്ചടുത്തു. അന്താരാഷ്ട്ര വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്നവയാണിവ എന്ന് എക്സൈസ് സംഘം അറിയിച്ചു.ഗോവയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ പയ്യന്നൂരിൽ എത്തിച്ചത്.മയക്കു മരുന്നുമായി യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്റ്റർ പ്രസാദ് എം.കെ,അസി.എക്സൈസ് ഇൻസ്പെക്റ്റർ എം.വി ബാബുരാജ്,പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോലി,ശശി ചേണിച്ചേരി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.