കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ പ്ലസ് ടു ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് നല്‍കി വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയില്‍.കണ്ണൂര്‍ യോഗശാല റോഡില്‍ ഐ.എഫ്.ഡി. ഫാഷന്‍ ടെക്‌നോളജിയെന്ന സ്ഥാപനത്തിന്റെ പേരില്‍ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയ കയരളം മൊട്ടയിലെ കെ.വി.ശ്രീകുമാറി (46) നെയാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐ.പി.വി.ബാബു എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. തട്ടിപ്പിനിരയായ കുടിയാന്മല നടുവില്‍ സ്വദേശിയും നടുവില്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന പി പി. അജയകുമാര്‍ കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാൾ പിടിയിലാകുന്നത്. അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവര്‍ സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ്ടുവിന് 2015 കാലയളവിലും പിന്നീട് ഡിഗ്രിക്ക് 2015- 18 കാലയളവിലുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സര്‍ട്ടിഫിക്കറ്റിനുമായി ഇയാൾക്ക് നല്‍കിയിരുന്നതായും പണം കൈപറ്റിയ ശേഷം പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് പരാതി.