Kerala, News

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയസഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു

keralanews malayarayasabha plan to approach supreme court seeking to return the ownership of sabaimala

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മലയരനായിരുന്നു അയ്യപ്പന്‍ എന്നും അയ്യപ്പന്‍റെ സമാധിസ്ഥലമാണ് ശബരിമല എന്നും ബ്രാഹ്മണര്‍ തങ്ങളുടെ ആചാരവും ക്ഷേത്രവും തട്ടിയെടുത്തതാണെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു .അയ്യപ്പന്‍ സമാധിദിവസം മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക് അനുസരിച്ച്‌ എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടുമെന്നാണ്പറഞ്ഞിരുന്നത് .മലയരയര്‍ പൊന്നമ്ബലമേട്ടില്‍ മകരസംക്രമ ജ്യോതി തെളിയിച്ചിരുന്നു എന്നാല്‍ അവിടെ നിന്നെല്ലാം തങ്ങളെ ആട്ടിയോടിച്ചു എന്നും സജീവ് വ്യക്തമാക്കി.ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.ശബരിമലയിലേക്ക് സ്ത്രീകള്‍ പോകുന്ന കാര്യത്തില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണിക്കുന്നില്ല.കാരണം ശബരി എന്ന സ്ത്രീ മലയരയ വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നും സമുദായത്തില്‍പ്പെട്ട യുവതികള്‍ ആരും തന്നെ നിലവില്‍ ശബരിമല ദര്‍ശനത്തിന് പോകാറില്ല എന്നും പി കെ സജീവ് പറഞ്ഞു .

Previous ArticleNext Article