റിയാദ്: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സൗദിയില്‍ ഇല്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം.ചൈനയില്‍ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ട്വിറ്ററില്‍ അറിയിച്ചു.മലയാളി നഴ്‌സിനു ബാധിച്ചത് കൊറോണ വൈറസ് അല്ലെന്നും മിഡില്‍ ഈസ് റസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്.ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്‌സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.അതേസമയം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവര്‍ത്തകയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാര്‍ക്കും രോഗമില്ല.