ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി തമ്പിക്ക് ജാമ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശത്തുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണ് കേസ്.കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് 2017ല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ് സി.സി തമ്പി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.
റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തമ്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഞായറാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് തമ്പി ഡല്‍ഹിയില്‍ എത്തിയത്.ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.288 കോടി രൂപയുടെ ഇടപാടില്‍ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയില്‍നിന്നും ലണ്ടനില്‍ സ്വത്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തില്‍ വിവിധ സ്വത്ത് വകകള്‍ വാങ്ങിയതില്‍ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.റോബര്‍ട്ട് വാദ്ര ലണ്ടനില്‍ 26 കോടിയുടെ ഫ്ളാറ്റും ദുബായില്‍ 14 കോടിയുടെ വില്ലയും വാങ്ങിയത് തമ്പിയുടെ കമ്പനി മുഖേനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍, തമ്പിയെ വിമാനത്തില്‍ വെച്ച് കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും മറ്റാരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും റോബര്‍ട്ട് വാദ്ര വ്യക്തമാക്കിയിരുന്നു.മുന്‍പ് എന്‍ഫോഴ്സ്മെന്‍റ് നടത്തിയ ചോദ്യം ചെയ്യലില്‍ വാദ്രയെ പരിചയപ്പെട്ടത് സോണിയ ഗാന്ധിയുടെ പിഎ പി.പി. മാധവന്‍ മുഖേനയാണെന്നും തന്‍റെ ഫ്ളാറ്റില്‍ വാദ്ര താമസിച്ചിട്ടുണ്ടെന്നുമായിരുന്നു തമ്പിയുടെ വെളിപ്പെടുത്തല്‍.