Kerala, News

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി

keralanews malayalam made mandatory for first to tenth standard in all schools of kerala

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി.ഇത് സംബന്ധിച്ചുള്ള നിയമത്തിന്റെ ചട്ടങ്ങൾക്ക് സർക്കാർ രൂപം നൽകി.2017 ജൂൺ ഒന്നിന് മലയാള ഭാഷ നിയമം ഗവർണ്ണർ അംഗീകരിച്ച് നിലവിൽ വന്നിരുന്നെങ്കിലും കഴിഞ്ഞ അധ്യയന വർഷം ഇത് നടപ്പിലാക്കിയിരുന്നില്ല.എന്നാൽ നിയമസഭാ സബ്‌ജക്റ്റ് കമ്മിറ്റി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതോടെ ഈ അധ്യയന വർഷം മുതൽ നിയമം നടപ്പിലാക്കും. ഇതനുസരിച്ച് സിബിഎസ്ഇ,ഐ സി എസ് ഇ തുടങ്ങിയ കേന്ദ്ര സിലബസ് സ്കൂളുകൾ,ഭാഷ ന്യൂനപക്ഷ സ്കൂളുകൾ,ഓറിയന്റൽ സ്കൂളുകൾ എന്നിവിടങ്ങളിലടക്കം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബദ്ധമായും പഠിപ്പിക്കണം. മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് എല്ലാ അധ്യയന വർഷാരംഭത്തിലും സ്കൂളുകളിൽ പരിശോധന നടത്തും.വിദ്യാഭ്യാസ ഓഫീസർമാർ,സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ മലയാളം അധ്യാപകരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പാനലാണ് പരിശോധന നടത്തുക.എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന പാഠപുസ്തകം ഉപയോഗിച്ച് മാത്രമേ പഠിപ്പിക്കാവൂ എന്നും നിബന്ധനയുണ്ട്.മൂല്യനിർണയത്തിന് പരീക്ഷയും നടത്തും.ഭാഷ ന്യൂനപക്ഷ സ്കൂളുകളിലും ഓറിയന്റൽ സ്കൂളുകളിലും നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് മലയാളം നിർബന്ധമല്ല.എന്നാൽ ഇത്തരം സ്കൂളുകൾക്ക് എസ്.സി.ഇ.ആർ.ടി പ്രത്യേക പാഠപുസ്തകം നൽകും.ഇവിടെയും പരീക്ഷ നടത്തും.മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ താമസം മാറിവരുന്ന വിദ്യാർത്ഥികൾക്കും ഇളവുകളോടെ മലയാള ഭാഷ പഠനം നിർബന്ധമാക്കി.എന്നാൽ പരീക്ഷ നിർബന്ധമാക്കില്ല. മലയാളം പഠിപ്പിക്കാൻ സൗകര്യമൊരുക്കാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകനിൽ നിന്നും പിഴ ഈടാക്കാനും തീരുമാനമുണ്ട്.ശമ്പളത്തിൽ നിന്നും പിഴ ഈടാക്കാനാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. അൺഎയ്ഡഡ് സ്കൂളുകളിലാണ് മലയാളം പഠിപ്പിക്കാതിരിക്കുന്നതെങ്കിൽ മൂന്നാം ലംഘനത്തിന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കും.സിബിഎസ്ഇ,ഐ.സി.എസ്.ഇ സ്കൂളുകളാണെങ്കിൽ പ്രധാനാധ്യാപകനും മാനേജ്മെന്റിനും നോട്ടീസ് നൽകിയ ശേഷം സ്കൂളിന് സർക്കാർ നൽകിയ നിരാക്ഷേപപത്രം റദ്ദാക്കും.മലയാള ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളർഷിപ്പും ഏർപ്പടുത്തും.പത്താം ക്ലാസ്സിൽ മികച്ച വിജയം നേടുന്നവർക്കായി തുടർന്നുള്ള രണ്ടുവർഷം മലയാളം പഠിക്കുന്നതിന് സ്കോളർഷിപ്പ് നൽകും.ഓരോ സ്കൂളിലും മലയാളം പഠിക്കുന്ന അഞ്ചുശതമാനം കുട്ടികൾക്കും സ്കോളർഷിപ്പ് നൽകും.

Previous ArticleNext Article