കണ്ണൂര്‍: ഇന്ത്യയില്‍ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഈ മലേറിയ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ഇവിടെ ജില്ലാ ടിഒടി ആയ ടി വി അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടിഒടിയും ആയ എം വി സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു എന്‍ ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനിബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ കണ്ടെത്തിയത്. ഏകകോശ ജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു.പ്ലാസ്‌മോഡിയം വൈവാക്സ്, പ്ലാസ്‌മോഡിയം ഫാല്‍സിപാരം എന്നിവയാണ് കേരളത്തില്‍ സാധാരണയായി കാണുന്ന മലേറിയ രോഗാണുക്കള്‍. അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. അതേസമയം, ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.