Kerala, News

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി

keralanews malabar medical college expelled 33students

കോഴിക്കോട്:കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി.രണ്ടാഴ്ച മുൻപ് പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്ന് പുറത്താക്കിയത്.ബാങ്ക് ഗ്യാരന്റി നൽകിയതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഈടാക്കാൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു.ഇതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപടുകയും സർക്കാർ തലത്തിൽ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുകയാണ്.കുട്ടികളോട് ബാങ്ക് ഗ്യാരന്റി  ആവശ്യപ്പെടരുത് എന്ന് സർക്കാർ നിദേശിച്ചിരുന്നു.ഈ നിർദേശം നിലനിൽക്കെയാണ് മലബാർ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി.മെഡിക്കൽ പ്രവേശനത്തിന് പതിനൊന്നുലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറുലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗ്യാരന്റി നൽകേണ്ടത്.എന്നാൽ മലബാർ മെഡിക്കൽ കോളേജ് അഞ്ചുലക്ഷത്തിനു പകരം ഏഴുലക്ഷം രൂപ തങ്ങളോട് പ്രവേശന സമയത്ത് ഈടാക്കിയതായും വിദ്യാർഥികൾ പറയുന്നു.രണ്ടു കോളേജുകൾക്ക് പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് മുഴുവൻ കോളേജുകൾക്കും പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി സുപ്രീം കോടതി നൽകിയത്.

Previous ArticleNext Article