Kerala

വളപട്ടണം ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ

Hands in Handcuffs

കണ്ണൂർ:വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.ബാങ്കോക്കിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ തളിക്കാവ് സ്വദേശി കെ.പി മുഹമ്മദ് ജസീൽ(43) ആണ് പിടിയിലായത്.ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.തുടർന്ന് കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കണ്ണൂർ  ഡിവൈഎസ്പി പി.പി സദാനന്ദനാണ് ഇക്കാര്യം അറിയിച്ചത്.വളപട്ടണം സഹകരണ ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ജസീൽ.മന്ന ശാഖാ മാനേജരുടെ ചുമതലയും ഇയാൾക്കായിരുന്നു. ഇക്കാലയളവിലാണ് ഇയാൾ കോടികളുടെ ക്രമക്കേട് നടത്തിയത്.2016 ലെ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നത്.വളപട്ടണം ബാങ്കിൽ പണയം വെച്ച 76 ഇടപാടുകാരുടെ അഞ്ചുകിലോ സ്വർണം ഇയാൾ മറ്റു ബാങ്കുകളിൽ പണയം വെച്ചിരുന്നു.വ്യാജരേഖകൾ ചമച്ച് വായ്‌പ്പയിലും ക്രമക്കേട് നടത്തി.ജസീലിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ടി.എം.വി മുംതാസിനെയടക്കം 22 പേരെ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാളുടെ ബന്ധുക്കളടക്കം 26 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.പ്രതിയുടെ ഭാര്യാപിതാവ് ഉൾപ്പെടെ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്.തട്ടിപ്പ് പുറത്തായതിന് ശേഷം ദുബായിലേക്ക് കടന്ന ഇയാൾ കുറേക്കാലമായി ബാങ്കോക്കിലാണ്.ഇവിടെ ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വിൽപ്പനയും റിയൽ എസ്റ്റേറ്റ് വ്യാപാരവും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടവും നടത്തുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ ബാങ്കോക്ക് പൊലീസിന് ഇന്റർപോൾ വഴി ഇയാൾ നടത്തിയ തട്ടിപ്പിന്റെ വിശദമായ റിപ്പോർട് നൽകിയിരുന്നു.കൂടാതെ അവിടെയുള്ള വിവിധ മലയാളി സമാജങ്ങളുമായും ബന്ധപ്പെട്ടു.തുടർന്ന് സെപ്റ്റംബർ അഞ്ചിന് ഇന്റർപോൾ ഇയാളെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി.പിന്നീട് അവിടുത്തെ ഇന്ത്യൻ എംബസിയുമായി ഡിവൈഎസ്പി ബന്ധപ്പെടുകയും അവിടെ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിക്കുകയും ചെയ്തു.കേന്ദ്ര രഹസ്യാന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്.

Previous ArticleNext Article