കണ്ണൂർ:നാറാത്ത് ആയുധ പരിശീലന കേസിലെ മുഖ്യപ്രതി അസ്ഹറുദ്ധീൻ അറസ്റ്റിൽ. കാൺപൂരിൽ ഒളിവിൽ കഴിയുകയായിരുന്ന അസ്ഹറുദീനെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതോടെ കേസിൽ എല്ലാ പ്രതികളും പിടിയിലായി.കേസിൽ നേരത്തെ ഇരുപതുപേർ അറസ്റ്റിലായിരുന്നു.2013 ഏപ്രിലിലാണ് നാറാത്തെ അടച്ചിട്ട വീട്ടിൽ ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയത്.തീവ്രവാദ പ്രവർത്തനങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുക,ആയുധ പരിശീലനം നൽകുക തുടങ്ങിയ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.അസ്ഹറുദീന്റെ മയ്യിൽ ടൗണിനടുത്തുള്ള ബാങ്ക് വഴിയാണ് ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമുള്ള പണം എത്തുന്നതെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.അതേസമയം കേസിൽ കഴിഞ്ഞ ജനുവരിയിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞിരുന്നു.ഒന്നാം പ്രതിക്ക് ഏഴു വർഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.മറ്റു പ്രതികൾക്ക് അഞ്ചു വർഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചിരുന്നു.പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.