കണ്ണൂർ:മാഹിയിൽ ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഉണ്ടായിരിക്കുന്ന സംഘർഷം ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി-സിപിഎം നേതാക്കൾ ഉറപ്പ് നൽകി.കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ ഉറപ്പ് നൽകിയത്.പാർട്ടി പ്രവർത്തകർക്കിടയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴേത്തട്ടിൽപോലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിനുശേഷം സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. സഹദേവൻ പറഞ്ഞു. ഇരു കൊലപാതകങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും വീഴ്ചകൾ ഇരു പാർട്ടികളും പരിശോധിക്കുമെന്നു കലക്ടറെ അറിയിച്ചതായും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും യോഗത്തിൽ സംബന്ധിച്ചു.സിപിഎമ്മിനെ പ്രതിനിധീകരിച്ച് തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറും ബിജെപിയെ പ്രതിനീധികരിച്ച് ആർഎസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സഹകാര്യവാഹ് കെ.വി. ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.