ചെന്നൈ:ലോക്ക്ഡൗണ്‍ നാലാംഘട്ടത്തെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെ ലോക്ക്ഡൗണ്‍ ഈ മാസം 31വരെ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇളവുകളോടെയാണ് തമിഴ്നാട് ലോക്ഡൗണ്‍ നീട്ടിയത്. റെഡ്സോണുകളില്‍ കര്‍ശന നിയന്ത്രണ തുടരും. റെഡ് സോണല്ലാത്ത ജില്ലകളില്‍ ബസ് സര്‍വീസ് ആരംഭിക്കും. ബസില്‍ സാമൂഹിക അകലം പാലിച്ച് 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകും.തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും.
”ലോക്ക്ഡൗണ്‍ മൂന്നാഘട്ടം ഇന്ന് തീരുകയാണ്. നാലാംഘട്ടം തിങ്കളാഴ്ച മുതല്‍ മെയ് 31 വരെ തുടരും. നാലാംഘട്ടത്തില്‍ ചില ഇളവുകള്‍ അനുവദിക്കും” – മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ”ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഇവിടെ ചില പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കും. നിലവില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്” – മഹാരാഷ്ട്ര ചീഫ് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം.