Kerala, News

മഹ കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; കേരള തീരത്ത് ആശങ്ക ഒഴിയുന്നു;ജാഗ്രത തുടരാൻ നിർദേശം

keralanews maha cyclone moving to oman coast with more power rainfall is decreasing in kerala instruction to remain vigilant

കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു.ഇതോടെ കേരള തീരത്ത് ആശങ്ക ഒഴിയുകയാണ്എങ്കിലും ഇന്നും നാളെയും സംസ്ഥാനത്തുടനീളം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.’മഹ’ കേരള തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്‌ ഇത് ഒമാന്‍ തീരത്തേക്ക് പോകും.മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്‍റെ വേഗം. കേരളത്തിലെ തീരദേശ മേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തെ തുടര്‍ന്ന് ഉണ്ടായ മഴയും കാറ്റും ഇന്ന് മുതല്‍ കുറഞ്ഞ് തുടങ്ങും. വിവിധ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.കേരള തീരത്ത് ശനിയാഴ്ച്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്.നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Previous ArticleNext Article